Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: ആഗസ്റ്റ് ഒന്നുമുതല്‍ ഉപയോക്താക്കള്‍ സേവനങ്ങള്‍ക്കായി കെ.എസ്.ഇ.ബി ഓഫിസുകള്‍ സന്ദര്‍ശിക്കുകയോ രേഖകളുടെ ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
നിയമസഭയില്‍ ഊര്‍ജവകുപ്പിന്‍റെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്ലാ സെക്ഷന്‍ ഓഫിസിലും ‘സേവനം വാതില്‍പടിയില്‍’ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതോടെയാണിത്. മൂന്നു മാസത്തിനകം ഭൂരിഭാഗം ഉപയോക്താക്കളെയും ഓണ്‍ലൈനായും മൊബൈല്‍ ആപ് വഴിയും ബില്‍ അടയ്ക്കുന്ന രീതിയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്ന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക കണക്ഷനുകള്‍, സബ്സിഡി സേവനമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള ഉപയോക്താക്കള്‍ എന്നിവര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ടാകും. കാഷായി മാത്രം പണമടയ്ക്കാന്‍ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകള്‍ക്കു പുറമെ, വാണിജ്യ-സഹകരണ ബാങ്കുകളില്‍ കണ്‍സ്യൂമര്‍ നമ്ബര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്ബറായി പരിഗണിച്ച്‌ പണമടയ്ക്കാന്‍ ക്രമീകരണമേര്‍പ്പെടുത്തും. വയര്‍മാന്‍ ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാനും ലൈസന്‍സ് വിതരണം ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ഈ വര്‍ഷമൊരുക്കും.

സര്‍വിസ് കണക്‌ഷന്‍, ലൈനും പോസ്റ്റും മാറ്റല്‍, മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈന്‍ വലിക്കാനുള്ള എതിര്‍പ്പ്, ലൈന്‍ വലിക്കുന്നതിന് മരം മുറിച്ചതിന്‍റെ നഷ്ടപരിഹാരം, വനം വകുപ്പിന്‍റെ എതിര്‍പ്പ് കാരണം ലൈന്‍ വലിക്കാനുള്ള തടസ്സം, ലൈന്‍ അഴിച്ചുമാറ്റല്‍, വൈദ്യുതി ബില്ലിലെയും താരിഫിലെയും പരാതികള്‍, കേടായ മീറ്ററുകള്‍, കോടതിയിലുള്ള കേസുകള്‍, വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, കേബിള്‍ ടി.വി തര്‍ക്കങ്ങള്‍, സുരക്ഷ അനുമതി പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ജില്ല അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത് നടത്തും. ലൈഫ് മിഷന്‍ ബി.പി.എല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പുരയിടത്തില്‍നിന്ന് ലൈനുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഇളവ് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..