Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തനം അവസാനിപ്പിച്ച ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ മറ്റ് സ്കൂളുകളിലെ തൂപ്പുകാരായി നിയമിച്ച് സർക്കാർ. മുന്നൂറോളം അധ്യാപകരാണ് ഇത്തരത്തിൽ തൂപ്പുജോലിക്കാരായി മാറിയത്. മാർച്ചിൽ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അധ്യാപകർക്കാണ് സ്വീപ്പർ തസ്തികയിൽ പാർട്ട്ടൈം, ഫുൾടൈം നിയമനം നൽകിയത്.

ഏകാധ്യാപക വിദ്യാലയങ്ങളിൽ ഇവർ വിദ്യാവൊളന്റിയർ തസ്തികയിൽ താത്കാലിക അധ്യാപകരായിരുന്നു. സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനമാണ് എന്നത് ആശ്വാസമാണെങ്കിലും അധ്യാപനത്തിൽനിന്ന് തൂപ്പുജോലിയിലേക്കുള്ള മാറ്റം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. 24 വർഷം വരെ അധ്യാപകരായിരുന്നവരും കൂട്ടത്തിലുണ്ട്.

അമ്പൂരി അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷാകുമാരിയ്ക്ക് തൂപ്പുജോലിയിൽ നിയമനം നൽകിയ നടപടി വലിയ ചർച്ചയായിരുന്നു. സംഭവം ചർച്ചയായതോടെ വിദ്യാഭ്യാസ മന്ത്രി തീരുമാനത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

18,500 രൂപ ഓണറേറിയത്തിൽ വിദ്യാ വോളണ്ടിയർ ആയി സേവനം അനുഷ്ടിച്ച കെ ആർ ഉഷാകുമാരിയെ യോഗ്യതയുടെ അടിസ്ഥാനത്തിലും, അവരുടെ സമ്മതത്തോടെയും 23,000 – 50,200 രൂപ ശമ്പള സ്കെയിലിൽ പേരൂർക്കട പിഎസ്എൻഎം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പിടിസിഎം ആയി നിയമനം നൽകി ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.പൂട്ടിയ ഏകാധ്യാപക
വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയർമാരെ അവർക്ക് ആദ്യം നിയമനം നൽകിയ
സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ 23,000 -50,200 ശമ്പളസ്കെയിൽ പിടിസിഎം/ എഫ്ടിഎം തസ്തികയിൽ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.

ആദിവാസിമേഖലകളിലടക്കം പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ്
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂട്ടിയത്. ഇവിടങ്ങളിലെ വിദ്യാർഥികളെ അടുത്തുള്ള സർക്കാർ സ്കൂളുകളിലേക്കു മാറ്റി.ദൂരസ്ഥലങ്ങളിലെ
സ്കൂളുകളിലേക്കു പോകേണ്ട കുട്ടികൾക്ക് ഹോസ്റ്റൽസൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങളിലായി 344 അധ്യാപകരാണുള്ളത്. 27 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയിട്ടില്ല. ഈ സ്കൂളുകളുടെ കാര്യത്തിൽ സർക്കാർനിർദേശം അനുസരിച്ചായിരിക്കും തുടർനടപടി.

സമ്മതപത്രം എഴുതിനൽകിയാണ് അധ്യാപകർ സ്വീപ്പർ തസ്തികയിൽ പ്രവേശിക്കുന്നത്. ഏകാധ്യാപകർ ആയിരുന്നപ്പോൾ കിട്ടിയ ശമ്പളത്തെക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക്
വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് വാഗ്ദാനംനൽകിയിരുന്നു. സെറ്റ് ഉൾപ്പെടെ പാസായവരും ഇവർക്കിടയിലുണ്ട്.

പ്രൈമറിവിദ്യാഭ്യാസം
എല്ലായിടത്തും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1997-ലാണ് ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷൻ പ്രോജക്ടിന്റെ
(ഡി.പി.ഇ.പി.) ഭാഗമായി സംസ്ഥാനത്തുടനീളം ഏകാധ്യാപക വിദ്യാലയങ്ങൾ തുറന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..