Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരിയില്‍ പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയായ ദമ്പതിമാരില്‍ പ്രത്യുഷിന് ജാമ്യം. തലശ്ശേരി മജിസ്‌ട്രേട്ട് കോടതിയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായ പ്രത്യുഷിന് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു , കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തുന്ന തലശ്ശേരി എസിപി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. സിഐക്കും എസ്‌ഐക്കുമെതിരെ ഉയര്‍ന്ന പരാതിയില്‍ എസിപിക്ക് പുറമേ, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷനിലെ ‘ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കമ്മീഷണര്‍ ആര്‍.ഇളങ്കോ നിര്‍ദേശിച്ചിട്ടുള്ളത്.

തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..