Skip to content
Menu

OPEN MALAYALAM NEWS NETWORK

കോഴിക്കോട് വടകരയില്‍ കൊട്ടിയൂര്‍ തീര്‍ഥാടകരുമായി പോയ ടൂറിസ്റ്റ് ബസിനെ അക്രമികള്‍ തടഞ്ഞുവച്ച് ജീവനക്കാരെ മര്‍ദിച്ചു. സ്വകാര്യ ബസ് ജീവനക്കാരാണ് മര്‍ദനത്തിന് പിന്നിലെന്ന് ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ആരോപിച്ചു. ബസിന്‍റെ താക്കോല്‍ പിടിച്ചെടുത്ത് അക്രമികള്‍ പോയതോടെ യാത്രക്കാര്‍ പെരുവഴിയിലായി.

കൊട്ടിയൂരിലേയ്ക്ക് 35 യാത്രക്കാരുമായി തിരിച്ച കൊയിലാണ്ടിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ ബസിനെയാണ് വടകര ബസ് സ്റ്റാന്‍ഡിന് പരിസരത്ത് ഒരു സംഘം തടഞ്ഞത്. കണ്ണാടികള്‍ തകര്‍ത്ത അക്രമികള്‍ ജീവനക്കാരെ മര്‍ദിച്ചു. മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി തകര്‍ത്തു. തുടര്‍ന്ന് താക്കോലെടുത്ത് കടന്നുകളയുകയായിരുന്നു. കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ആരോപണം.

താക്കോല്‍ നഷ്ടമായതോടെ പെരുവഴിയിലായ യാത്രക്കാര്‍ക്ക് ഒടുവില്‍ യാത്ര റദ്ദാക്കേണ്ടി വന്നു. പരുക്കേറ്റ ജീവനക്കാര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT