Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ : കാർഷിക വിളകളിൽ കർഷകരെ കണ്ണീര് കുടിപ്പിച്ച് തേങ്ങ. ഒന്നര മാസമായി വിലയിൽ ഒരു മാറ്റവുമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 24 രൂപ മുതൽ 25 രൂപ വരെയാണ് ആഴ്ചകളായി ലഭിക്കുന്ന വില.

മികച്ച ഉത്പാദനം ലഭിച്ച വർഷമായിട്ടും വില താഴ്ന്നുകിടക്കുന്നതിനാൽ കർഷകർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ദിവസേന ശരാശരി 30 ടണ്ണിനടുത്ത് പച്ചതേങ്ങ പ്രാദേശിക വ്യാപാരകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ 80 ശതമാനവും തമിഴ്നാട്ടിലേക്ക് കയറ്റിപ്പോവുകയാണ്. പ്രാദേശിക ആവശ്യങ്ങൾക്ക്
അവശേഷിക്കുന്ന തേങ്ങ മാത്രമാണ് വേണ്ടിവരുന്നത്. സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം
മലയോരത്തെവിടെയുമില്ലാത്തത് കർഷകരെ
നിരാശപ്പെടുത്തിയിട്ടുണ്ട്.

തെങ്ങുകയറുന്നവർക്കും പൊതിക്കുന്നവർക്കുമുള്ള കൂലി വർധിപ്പിച്ചിരിക്കുകയാണ്. തെങ്ങൊന്നിന് 40 രൂപയാണ് പുതിയ കയറ്റക്കൂലി. 1.20 രൂപ വരെയായിട്ടുണ്ട്. ഇതര കാർഷിക ജോലികൾക്കും കൂലിവർധനവുണ്ട്. മറ്റ് ചെലവും കഴിഞ്ഞാൽ കർഷകന് ബാക്കിയൊന്നുമില്ലാത്ത സ്ഥിതിയാണെന്നാണ് പരാതി. അതേസമയം, വെളിച്ചെണ്ണ വില കിലോഗ്രാമിന് 145 രൂപയാണ്.

ഏതാനും വർഷം മുൻപുവരെ സക്രിയമായിരുന്ന കൊപ്ര അട്ടികൾ ഇല്ലാതായത് തേങ്ങ സംസ്കരണ മേഖലയ്ക്ക് തിരിച്ചടിയായി. ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകിയിരുന്ന മേഖലയായിരുന്നു ഇത്. വൻകിട മില്ലുകളുടെ നിയന്ത്രണങ്ങൾക്ക്
വിട്ടുകൊടുക്കാതെ വില നിയന്ത്രിക്കുന്നതിൽ നാടൻ തേങ്ങയട്ടികൾ
സഹായകമായിരുന്നു. മഴക്കാലത്തുൾപ്പെടെ മലയോരത്തെ തേങ്ങ സംസ്കരിക്കുന്നതിന് ഇതുമൂലം കഴിഞ്ഞു. തൊഴിലാളിക്ഷാമവും ഉത്പാദനത്തകർച്ചയും അട്ടികൾ ഇല്ലാതാവാൻ കാരണമായിട്ടുണ്ട്. വേനൽക്കാലത്തുള്ള കൊപ്രയാക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കാലാവസ്ഥ അനിശ്ചിതത്വത്തിലായതിനാൽ ഇതിനും തടസ്സങ്ങൾ നിരവധിയാണ്.
പ്രതിസന്ധികൾ
ഏറെയാണെങ്കിലും മലയോരകർഷകർക്ക് തെങ്ങുകൃഷിയോടാണ് ഇപ്പോഴും പ്രിയം. റബ്ബറിനെക്കാൾ പുതുതായി ചെയ്യുന്നത് തെങ്ങുകൃഷിയാണ്. നഴ്സറികളിൽ കൂടുതലായി വിറ്റഴിയുന്നതും തെങ്ങ് തന്നെ .അത്യുത്പാദന ശേഷിയുള്ള കുള്ളൻ ഇനത്തിലുള്ള തെങ്ങാണ് ആവശ്യക്കാർ കൊണ്ടുപോകുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT