Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസിൻ്റെ ഗൃഹപ്രവേശനത്തിന് സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി നേതാക്കളെ ക്ഷണിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. നേതാക്കളായ ഒകെ.വാസു മാസ്റ്റർ, എ.അശോകൻ എന്നിവർ ചടങ്ങിനെത്തിയതാണ് ചിലരെ പ്രകോപിപ്പിച്ചത്.പാർട്ടി ഗ്രൂപ്പുകളിൽ വലിയ ചർച്ചയും, വാഗ്വാദങ്ങളും ഇതുമായി ബന്ധപ്പെട്ട് നടക്കുകയും ചെയ്തു.

ഒകെ.വാസു മാസ്റ്ററും, എ.അശോകനും, മറ്റ് നേതാക്കളും ഹരിദാസിനൊപ്പം ചേർന്ന് നിന്ന പടവും ഇട്ടാണ് വിവാദത്തിന് എരിതീ പകരുന്നത്. വൈകാരികത ഉയർത്താൻ ബലിദാനികളെ അപമാനിച്ചു എന്നും ചിലർ വാദമുയർത്തുന്നുണ്ട്. എന്നാൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത പടമിട്ട് വിവാദത്തിന് തുടക്കമിട്ടവർക്കെതിരെ യുവമോർച്ച നേതാവ് മനോജ് ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നത് ശ്രദ്ധേയമായി.കാലം മാറിയെന്നും എന്നും പകയും, വിദ്വേഷവുമായി കുറ്റപ്പെടുത്തി സംഘടനയിൽ അസ്വസ്ഥത പടർത്തരുതെന്നും മനോജ് പറയുന്നു.

മനോജിൻ്റെ ശബ്ദ സന്ദേശം ഗ്രൂപ്പുകളിൽ വന്നതോടെ വിവാദമുണ്ടാക്കാൻ തുടക്കമിട്ടവർ ഉൾവലിയുകയായിരുന്നു. ബിജെപി മുൻ ജില്ലാ പ്രസിഡണ്ടും, പാനൂരിലെ ചിലരുമാണ് വിവാദത്തിന് പിന്നിലെന്നാണ് സൂചന.ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസിനെതിരെ ഗ്രൂപ്പ് തിരിഞ്ഞ് പ്രവർത്തിക്കുന്നവർ അവസരം ലഭിച്ചപ്പോൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇതിൽ സിപിഎം പ്രവർത്തകർ വിമർശനവുമായി രംഗത്ത് എന്ന രീതിയിൽ കതിരൂർ സഖാക്കൾ എന്ന പേരിൽ പോസ്റ്റ് തയ്യാറാക്കിയതിന് പിന്നിലും ബിജെപി കേന്ദ്രങ്ങൾ തന്നെയായിരുന്നു എന്ന് സിപിഎം നേതൃത്വവും പ്രതികരിച്ചു.രാഷ്ട്രീയ സംഘർഷങ്ങൾക്കൊക്കെ അറുതി വന്ന കണ്ണൂരിൽ ഊഷ്മളമായ വ്യക്തി ബന്ധങ്ങൾ പല നേതാക്കളും വെച്ചു പുലർത്തുന്ന ഘട്ടത്തിൽ എൻ.ഹരിദാസിനെതിരെ മാത്രം വിമർശനവുമായി ചിലർ രംഗത്തു വന്നതിനു പിന്നിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മാത്രമാണെന്നാണ് സിപിഎം നിലപാട്.

ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടി, മേഖല സംഘടന സെക്രട്ടറി കാശിനാഥൻ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ തുടങ്ങിയ നേതാക്കൾ ഒകെ.വാസു മാസ്റ്റർക്കും, എ.അശോകനും ഒപ്പം പടത്തിലുണ്ടെങ്കിലും എൻ.ഹരിദാസിനെ മാത്രം ലക്ഷ്യം വെച്ചതിനു പിന്നിൽ മുൻ ജില്ലാ പ്രസിഡണ്ടിൻ്റെ ഇടപ്പെടലാണെന്ന് ബിജെപിയിലെ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്. ജില്ലയിൽ ഹരിദാസിന് ലഭിച്ചു കൊണ്ടിരിക്കുന്ന ജനകീയതയിൽ വിളറി പിടിച്ച സങ്കുചിത കാഴ്ചപ്പാടുള്ളവരാണ് വിവാദത്തിന് പിന്നില്ലെന്നും ആക്ഷേപമുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..