Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്. ബോംബുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിൻ്റെ പൊതുവെയുള്ള വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ ആളുകളെ ഉടൻ ചോദ്യം ചെയ്യും. അസം സ്വദേശികളായ ഫസൽ ഹഖ് മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി.

ഒന്നിൽ കൂടുതൽ ബോംബുകൾ പൊട്ടിത്തെറിച്ചു എന്ന് പൊലീസിനു സംശയമുണ്ട്. സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകളാവാം ഇവർ ശേഖരിച്ചതെന്നും പൊലീസ് കരുതുന്നു. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്.

ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്. പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (50) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സെയ്ദുൽ ഹഖ് 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.

പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമൊക്കെ വീടുകളിൽ പോയി ശേഖരിച്ച് കൊണ്ടുവന്ന് കച്ചവടം നടത്തിയാണ് ഇവരുടെ ഉപജീവനം. വ്യത്യസ്ഥ സ്ഥലങ്ങളിൽ പോയാണ് ആക്രി ശേഖരിക്കുന്നത്.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പി പ്രദീപൻ കണ്ണിപൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപൊലിസ് സംഘം സ്ഥലം സന്ദർശിച്ചിരുന്നു കണ്ണൂരിൽ നിന്നുമെത്തിയ ബോംബു സ്‌ക്വാഡും ഫോറൻസിക്വിഭാഗവും പരിശോധന നടത്തി. മട്ടന്നൂർ പൊലിസ് കേസെടുത്തിട്ടുണ്ട്

അതെ സമയം മട്ടന്നൂർ പത്തൊമ്പതാം മൈൽ കാശി മുക്കിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഗോഡൗണിൽ നടന്ന സഫോടനത്തിൽ അസാം സ്വദേശികൾ കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആവശ്യപ്പെട്ടു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT