Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെയും ബൈപാസ് നിർമാണത്തിന്റെയും ഭാഗമായുള്ള വെളളക്കെട്ട് ഒഴിവാക്കാൻ രണ്ട് ദേശീയപാത റീച്ചുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കും.

ഇവർ ദൈനംദിനം റോഡ് പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊണ്ടുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.

ദേശീയ പാതയിലും പൊതുമരാമത്ത് റോഡുകളിലും പലയിടത്തും വെള്ളക്കെട്ടിന് പുറമെ വ്യാപകമായി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും ദേശീയ പാത അതോറിറ്റിയും ഇവ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സ്ഥിതിയില്ലെന്നും മഴ തീവ്രമായി തുടർന്നാൽ പലയിടത്തും വെള്ളം കയറാനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കുന്ന സ്ഥലങ്ങളിൽ ക്യാമ്പുകൾ വേണ്ട തയ്യാറെടുപ്പുകളും നടത്തും.

മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത മുന്നിൽകണ്ട് അതീവ ജാഗ്രത പുലർത്താൻ തഹസിൽദാർമാർക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകി. പൊലീസും അഗ്നി രക്ഷാസേനയും സുസജ്ജരായിരിക്കണം.

കാലവർഷക്കെടുതി നേരിടാൻ നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിൽ യോഗങ്ങൾ ചേരും.

മണ്ഡലം തല യോഗങ്ങൾ ജൂലൈ 12, 13 തിയ്യതികളിൽ ചേരും.

എംഎൽഎമാരുടെ പ്രതിനിധികൾ, തഹസിൽദാർമാർ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ജൂലൈ 15നകം തദ്ദേശസ്ഥാപന തലത്തിൽ യോഗങ്ങൾ ചേരും. പ്രധാന വകുപ്പുകളുടെ ഉദ്യോഗസ്ഥർ ഈ യോഗത്തിലും പങ്കെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.

വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തും വിധമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ റവന്യു വകുപ്പ് അധികൃതരും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ ഇടപെടൽ നടത്തണം. റോഡരികുകളിലും മറ്റും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ മരങ്ങൾ മുറിക്കാൻ വകുപ്പ് ആവശ്യമായ കാര്യങ്ങൾ ചെയ്യണം.

പഞ്ചായത്തിരാജ്, നഗരപാലിക നിയമ പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം മരങ്ങൾ മുറിച്ചുനീക്കാൻ അധികാരമുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആവശ്യമായ നടപടികൾ സ്വീകരിക്കാം. കാലവർഷ ദുരിതാശ്വാസ സഹായം എത്രയും വേഗം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം നടപടി കൈക്കൊളളണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലയിൽ കാലവർഷത്തിന്റെ ഭാഗമായി ഈ വർഷം ഇതുവരെ ആറ് പേർ മരിച്ചതായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു.

രണ്ട് വീടുകൾ പൂർണമായും 110 വീടുകൾ ഭാഗികമായും തകർന്നു.,ക്വാറികളുടെ പ്രവർത്തനം ജൂലൈ 17 വരെ നിർത്തിവെച്ചിട്ടുണ്ട്

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ മുന്നൊരുക്കങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ചെയ്തതായും ജില്ലാ കലക്ടർ അറിയിച്ചു.

യോഗത്തിൽ എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചർ, ടി ഐ മധുസൂദനൻ, കെ വി സുമേഷ്, സണ്ണി ജോസഫ്, എം വിജിൻ, കെ പി മോഹനൻ, മേയർ അഡ്വ. ടി ഒ മോഹനൻ, എഡിഎം കെ കെ ദിവാകരൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, സബ് കലക്ടർ അനുകുമാരി, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി, തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, തഹസിൽദാർമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..