Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂഡൽഹി: ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ എൻ.എം.സി. നിയമം ഭേദഗതിചെയ്യും.

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയ മെഡിക്കൽ കമ്മിഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് 2019-ലെ എൻ.എം.സി. നിയമം ഭേദഗതിചെയ്യുക. ഇതിനുള്ള കരട് മാർഗരേഖ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മുപ്പതുദിവസത്തിനുള്ളിൽ [email protected] എന്ന മെയിലിലേക്കോ മെഡിക്കൽ എജ്യുക്കേഷൻ പോളിസി സെക്ഷൻ അണ്ടർ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിർമാൺ ഭവൻ എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം.

ദേശീയ മെഡിക്കൽ കൗൺസിൽ നിലവിലുണ്ടായിരുന്നപ്പോൾ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാമായിരുന്നു. സംസ്ഥാനകൗൺസിൽ തള്ളുന്ന പരാതികളിൽ 60 ദിവസത്തിനുള്ളിൽ ദേശീയ കൗൺസിലിൽ അപ്പീൽ നൽകാം. സംസ്ഥാനത്ത് പരാതിപരിഗണിക്കാൻ ആറുമാസത്തിലേറെ സമയമെടുത്താൽ അതും കൗൺസിലിൽ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു.

എന്നാൽ, 2019-ൽ ദേശീയ മെഡിക്കൽ കമ്മിഷൻ പ്രാബല്യത്തിൽ വന്നതോടെ ഡോക്ടർമാർമാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാൻ പാടുള്ളൂവെന്ന ചട്ടം (എൻ.എം.സി. നിയമം സെക്ഷൻ 30 (3)) കൊണ്ടുവന്നു. ഇതോടെ, ദേശീയതലത്തിൽ രോഗികളുന്നയിച്ച അറുപത്തഞ്ചോളം പരാതികൾ രണ്ടുവർഷത്തിനിടെ എൻ.എം.സി. തള്ളി. ഇതിനെതിരേ പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കൽ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയവുമായി നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്.

സംസ്ഥാനകൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്ധസമിതി രൂപവത്കരിക്കാനും ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി എൻ.എം.സി., യോഗ്യരായ പ്രൊഫസർമാരുടെയും അഡീഷണൽ പ്രൊഫസർമാരുടെയും അസോസിയേറ്റ് പ്രൊഫസർമാരുടെയും വിശദാംശങ്ങൾ തേടി. കാർഡിയോളജി, ഒബ്സ്ടെട്രിക് ആൻഡ് ഗൈനക്കോളജി, ഓങ്കോളജി, യൂറോളജി തുടങ്ങിയ മേഖലകളിൽ ആറുവർഷമോ അതിൽക്കൂടുതലോ അധ്യാപനപരിചയമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കാനാണ് എൻ.എം.സി.യുടെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന്റെ തീരുമാനം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT