ഹർത്താൽ ദിനത്തിൽ കുരുതിക്കളമായി റോഡ്; സംസ്ഥാനത്ത് 7 അപകടങ്ങളിൽ 10 മരണം; മലപ്പുറം ജില്ലയിൽ മരിച്ചവരുടെ എണ്ണം 5 ആയി

ഹർത്താൽ ദിനത്തിൽ കുരുതിക്കളമായി റോഡ്; സംസ്ഥാനത്ത് 7 അപകടങ്ങളിൽ 10 മരണം; മലപ്പുറം ജില്ലയിൽ മരിച്ചവരുടെ എണ്ണം 5 ആയി

സംസ്ഥാനത്ത് ഏഴ് അപകടങ്ങളില്‍ പത്ത് പേര്‍ മരിച്ചു. മലപ്പുറം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു.

മലപ്പുറത്ത് നാല് അപകടങ്ങളിലായി അഞ്ച് പേരാണ് മരിച്ചത്. കോട്ടയത്ത് രണ്ടിടങ്ങളിലായി മൂന്ന് പേരും മരിച്ചു. പൊന്നാനി – ചാവക്കാട് ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 2 ആയി. കാര്‍ യാത്രക്കരായ കടവനാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്.

ഗുരുവായൂരിലെ ബന്ധു വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ആന്ധ്രയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയിരുന്നു ലോറിയിലാണ് ഇടിച്ചത്.

അപകടത്തില്‍പ്പെട്ടവരുമായി പോയ ആംബുലന്‍സ് പുതുപ്പൊന്നാനിയില്‍ വച്ച്‌ മറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തേയും ബാധിച്ചു.

വണ്ടൂരില്‍ പിന്നോട്ട് എടുത്ത ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച്‌ തിരുവാലിയിലെ കെ.എസ്.ഇ.ബി ലൈന്‍മാന്‍ മേലേകോഴിപ്പറമ്ബ് എളേടത്തുപടിയിലെ ഹരിദാസനാണ് മരിച്ചത്. പൊന്നാനി പുഴമ്ബ്രത്ത് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച്‌ പൊന്നാനി എന്‍സിവി നെറ്റ് വര്‍ക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ വിക്രമനാണ് മരിച്ചത്.

കോട്ടക്കല്‍ കോഴിച്ചെനയില്‍ മിനി ലോറിയും കാറും ഇടിച്ച്‌ മുന്നിയൂര്‍ സ്വദേശി റഷീദിന്റെ ഒരുമാസം പ്രായമുള്ള മകള്‍ ആയിഷയും മരിച്ചു. ഈ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കോട്ടയം മണിമലയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ കാറിടിച്ച്‌ ചാമംപതാല്‍ കിഴക്കേമുറിയില്‍ ഷാരോണ്‍, രേഷ്മ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

വൈക്കത്ത് ആംബുലന്‍സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് പൊതി മേഴ്സി ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി സനജ മരിച്ചു. പരുക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൃശൂര്‍ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടില്‍ അഷ്കര്‍ എന്നിവര്‍ മരിച്ചത്.

Other Updates

Archives

error: Content is protected !!