മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ ഡോ: വി എം കുട്ടി അന്തരിച്ചു.

 

മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു.ഹൃദയാഘാതമായിരുന്നു മരണകാരണം.

ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങളാൽ പുളിക്കലിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ട് ആഴ്ച്ചയായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

അതേസമയം, മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ്‌. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള വി എം കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്.

മൈലാഞ്ചി,പതിനാലാം രാവ്,ഉല്പത്തി,സമ്മാനം,മാന്യമഹാ ജനങ്ങളേ,സമ്മേളനം,1921,മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് ഇദ്ദേഹം.

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം (എം.എൻ. കാരശ്ശേരിയുമായി ചേർന്ന് എഴുതിയത്), വൈക്കം മുഹമ്മദ് ബഷീർ(മാലപ്പാട്ട്) എന്നിവയാണ് അദ്ദേഹം രചിച്ച കൃതികൾ.

Other Updates

Archives

error: Content is protected !!