ഉത്രവധം; ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം

 

കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2020 മാർച്ച് മൂന്നിന് സൂരജിന്റെ വീട്ടിൽവെച്ചും പാമ്പുകടിയേറ്റിരുന്നു.

ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ലോക്കൽ പോലീസ് കാര്യമായി അന്വേഷിച്ചില്ല. മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിനെ കണ്ടതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലംപ്രയോഗിച്ച് കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാൻ ഡമ്മി പരീക്ഷണം നടത്തി. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം എന്നിവയും കേസിൽ നിർണായകമായി.കഴിഞ്ഞവർഷം ഓഗസ്റ്റ് 14-ന് കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ വിചാരണ നടപടികളും വേഗത്തിലായിരുന്നു. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിൽ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയ പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിന്റെ കൈയിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.

2020 മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടർന്ന് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുൻപ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

OM
Open Malayalam Subeditor
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!