കൊമ്പുകോർത്ത് സുധാകരനും പിണറായിയും ; പൊടിപാറി ബ്രണ്ണൻ യുദ്ധം

സിപിഎം-കോൺഗ്രസ് ഉന്നതനേതാക്കൾ വീറും വാശിയുമോടെ രംഗത്തിറങ്ങിയതോടെ കണ്ണൂർ വീണ്ടും സംഘർഷഭരിതമാകുമോ എന്ന ആശങ്ക ശക്തമാകുന്നു. ഒരു കാലത്ത് കോൺഗ്രസ് – സിപിഎം ഏറ്റുമുട്ടൽ തുടർച്ചയായി നടന്ന കണ്ണൂരിൽ സുധാകരൻ്റെ പുതിയ നീക്കങ്ങൾ വീണ്ടും രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. കെ സുധാകരനെതിരെ തുറന്ന ഏറ്റുമുട്ടലിന് മുഖ്യമന്ത്രി തന്നെ മുന്നിൽ ഇറങ്ങിയതോടെ പൊതുവേ ശാന്തമായ കണ്ണൂരിൽ അക്രമത്തിൻ്റെ അലയൊലികൾ വീണ്ടും മുഴങ്ങുകയാണ്. ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ സംഘടനാ സംവിധാനം ഭാഗികമായി തകർന്ന അവസ്ഥയിലാണ് കോൺഗ്രസ്. അധികാരത്തർക്കവും, ഗ്രൂപ്പ് പ്രവർത്തനവും ജില്ലയിലെ കോൺഗ്രസിനെ ചിന്നഭിന്നമാക്കിയിട്ടുണ്ട്. സുധാകരൻ കെപിസിസി അധ്യക്ഷൻ ആയതോടെ ലഭിച്ച പുത്തനുണർവ് കോൺഗ്രസിലും പ്രകടമാണെങ്കിലും ഇതിൽനിന്നും ആവേശം പൂണ്ട് സിപിഎമ്മിനെതിരെ അതേനാണയത്തിൽ തിരിച്ചടിക്കാൻ ഇറങ്ങിയാൽ സ്ഥിതിഗതികൾ മാറും. നിലവിൽ സോഷ്യൽ മീഡിയയിൽ കെ. സുധാകരനെതിരെ സി പി എം സൈബർ വിംഗ് പടച്ചു വിടുന്ന പോസ്റ്റുകൾക്ക് അതേപടി തിരിച്ചടി നൽകുകയാണ് യൂത്ത് കോൺഗ്രസ് ടീം. കണ്ണൂരുകാരനായ മുഖ്യമന്ത്രിയെ നേരിടാൻ അതേ നാട്ടിൽ നിന്നും തന്നെ അടിതടവ് പഠിച്ച കരുത്തനായ നേതാവായി സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് കളത്തിലിറക്കിയതിനുപിന്നിൽ ഒരു കാരണവും ഇതുതന്നെയായിരുന്നു. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുമ്പോൾ മുറിവുകൾ പറ്റും എന്ന് അറിഞ്ഞിട്ട് തന്നെയായിരുന്നു ഹൈക്കമാൻറിൻ്റെ ഈ കടുംകൈ. തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ പോലും സുധാകരനെ ഗൗനിക്കാതെ വിട്ടുകളയുന്ന ശൈലിയാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയി’ൽ സുധാകരൻ എന്തു തന്നെ കടന്നാക്രമണം നടത്തിയാലും മുഖ്യമന്ത്രി അദ്ദേഹത്തിൻറെ പേരെടുത്തു പറഞ്ഞ് വിമർശിച്ചിരുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവായി കെ സുധാകരൻ മാറുന്നത് ഒഴിവാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും തന്ത്രം. അതുകൊണ്ടുതന്നെ കോടിയേരി ഉൾപ്പെടെയുള്ള മുൻനിര നേതാക്കളും സുധാകരൻ്റെ പ്രസ്താവനകളെ ചിരിച്ചു തള്ളിയ കാലമായിരുന്നു അത്. എന്നാൽ സുധാകരൻ കെപിസിസി അധ്യക്ഷൻ ആയപ്പോഴും വിമർശനം ഉന്നയിക്കാതെ അത് കോൺഗ്രസിലെ ആഭ്യന്തര കാര്യം ആണെന്ന് പറഞ്ഞൊഴിഞ്ഞ മുഖ്യമന്ത്രി പ്രകോപിതനായത് കേവലം ഒരു വാരികയിൽ വന്ന അഭിമുഖത്തിൽ സുധാകരൻ നടത്തിയ പ്രതികൂല പരാമർശങ്ങൾ കൊണ്ട് മാത്രമല്ല, പരസ്യ ഏറ്റുമുട്ടലിന് തങ്ങൾ തയ്യാറാണെന്ന യുദ്ധപ്രഖ്യാപനത്തിൻ്റെ വിളംബരമായാണ് രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതോടെ കണ്ണൂർ രാഷ്ട്രീയത്തിലെ പോയകാലത്തെ വീറും വാശിയും സംസ്ഥാന രാഷ്ട്രീയത്തിലും പ്രകടമാക്കുമെന്നതിൻ്റെ വ്യക്തമായ സൂചനയാണിത്. അതേ സമയം സുധാകരൻ കുഴിച്ച കുഴിയിൽ മുഖ്യമന്ത്രി വീണതിലെ ആകസ്മികതയും സൈബറിടങ്ങളിൽ ചർച്ചയാകുന്നുണ്ട്. മരംമുറി വിവാദത്തിൽ നിന്നും പൊതുജന ശ്രദ്ധ തിരിക്കാനുള്ള ഇടത് – വലത് ഗൂഡാലോചനയാണിതെന്നാണ് ബി.ജെ.പിയുടെ വാദം.

Other Updates

Archives

error: Content is protected !!