Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി ∙ ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന വില്ലനാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി–സ്പിന്നിങ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ പിന്നിടുമ്പോൾ സിഗ്നൽ ജംക്‌ഷനിൽ അറുപതിലേറെ അപകടങ്ങൾ നടന്നു. പലതും സിഗ്നൽ സംവിധാനം അറിയാതെ വാഹനങ്ങൾ മുന്നോട്ട് എടുത്തപ്പോൾ സംഭവിച്ചതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.

ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പിഴവ് കാരണം സംഭവിക്കുന്ന അപകടങ്ങൾ സംഭവസ്ഥലത്തുതന്നെ സംസാരിച്ച് തീർപ്പാക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 15 കേസുകൾ മാത്രമാണ് പൊലീസിനു മുന്നിലേക്ക് എത്തിയത്. സിഗ്നൽ മാറുന്നത് ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരാണ് അപകമുണ്ടാക്കുന്നതെന്ന് സിഗ്നൽ പോസ്റ്റിൽ ഡ്യൂട്ടിയിലുഉള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്നു വരിയിൽ വാഹനങ്ങൾ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സർവീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്. സർവീസ് റോഡിൽ എവിടെ നിന്നാണ് ബൈപാസിൽ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവർമാർക്ക് ധാരണയില്ല. ഈസ്റ്റ് പള്ളൂരിൽ നിന്നും പാറാൽ ഭാഗം വരെ ബൈപാസിന്റെ ഇടത് ഭാഗത്ത് സർവീസ് റോഡ് പൂർണമല്ല. ഫലത്തിൽ യു ടേൺ സംവിധാനം ലംഘിച്ചും ഈ ഭാഗത്ത് തോന്നിയതു പോലെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകൾ സ്ഥാപിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. ക്യാമറകളും സ്ഥാപിച്ചിട്ടില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT