Skip to content
Menu

OPEN MALAYALAM NEWS NETWORK

മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീർഥാടകരുടെ തിരക്ക് വർധിച്ചു. വെർച്ച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങുകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷ.

ജനുവരി ഒന്നു മുതൽ എട്ട് വരെയുള്ള വെർച്ചൽ ക്യൂ ബുക്കിങ്ങ് നൂറ് ശതമാനം പൂർത്തിയായി. മകരവിളക്ക് ദിനത്തിൽ ദർശനം നടത്താൻ ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്തെത്തി. എന്നാൽ മകരവിളക്കിന് ശേഷമുള്ള മൂന്ന് ദിവസം നിലവിൽ ബുക്കിങ്ങ് കുറവാണ്. വെർച്ച്വൽ ക്യൂവിലൂടെ പരമാവധി തൊണ്ണൂറായിരം പേർക്കാണ് ഒരു ദിവസം ദർശനം നടത്താനാകുക.

സ്പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തോളം പേർ സന്നിധാനത്ത് എത്തുന്നുണ്ട്. പുൽമേട് വഴി ശരാശരി ഒരു ദിവസം 1500 മുതൽ 2000 പേർ വരെയാണ് ദർശനത്തിന് വരുന്നത്.വൈകിട്ട് 4 മണി വരെയാണ് പുൽമേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുക.

വെള്ളിയാഴ്ച നാൽപ്പത്താറായിരം പേരും ശനിയാഴ്ച വൈകീട്ട് 6 മണിവരെ 65922 പേരും ദർശനം നടത്തി. ജനുവരി ഒന്ന് മുതൽ 19 വരെ 12,42,304 പേരാണ് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്പോട്ടാണ് ഇനി ബാക്കിയുള്ളത്.മരക്കൂട്ടത്തിന് താഴേക്ക് വരി നീളാതിരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.

തിരക്ക് ഒഴിവാക്കാൻ മണിക്കൂറിൽ ശരാശരി 4500 പേരെ പതിനെട്ടാംപടി കയറ്റിവിടുന്നുണ്ട്. നടപ്പന്തലിൽ കുട്ടികൾക്കും വയോജനങ്ങൾക്കും അംഗപരിമിതർക്കുമായി ഒരുക്കിയ പ്രത്യേക വരി നിരവധിപ്പേർക്ക് ആശ്വാസമാണ്. മണ്ഡലകാലത്തേക്കാൾ കൂടുതൽ തീർഥാടകർ മകരകവിളക്ക് കാലത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT