Skip to content
Menu

OPEN MALAYALAM NEWS NETWORK

കഴിഞ്ഞ വര്‍ഷം നിരോധിച്ച ശേഷം 2000ത്തിന്റെ നോട്ടുകളില്‍ 97.38 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. അതേസമയം 9,330 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈയിലാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. മേയ് 19 വരെ 3.56 ലക്ഷം കോടിയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്.

2000ന്റെ നോട്ടുകള്‍ നിലവില്‍ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാവുന്നതാണ്. മുംബൈ, കൊല്‍ക്കത്ത, ദില്ലി ഉള്‍പ്പെടെ 19 പ്രമുഖ നഗരങ്ങളിലെ ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിലും നോട്ട് മാറ്റി വാങ്ങാനാകും. പോസ്റ്റ് ഓഫീസ് വഴിയും റിസര്‍വ് ബാങ്കിന്റെ ഓഫീസിലേക്ക് നോട്ട് അയയ്ക്കാം. ഇങ്ങനെ അയക്കുന്നവരുടെ പണം ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും.

2016ലാണ് റിസര്‍വ് ബാങ്ക് 2000ന്റെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തത്. 1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷമാണ് 2000ന്റെ നോട്ട് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 30നകം 2000ന്റെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും അല്ലെങ്കില്‍ മാറ്റി വാങ്ങണമെന്നുമാണ് ആദ്യം റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. സമയപരിധി ഒക്ടോബര്‍ ഏഴുവരെ നീട്ടിയിരുന്നു. ഇനി ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ 2000 നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT