Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: പിഞ്ചു കുട്ടികൾക്ക് അമ്മയുടെ സ്നേഹ വാത്സല്യവും ആദ്യാക്ഷര മാധുര്യവും പകർന്നു നൽകുന്ന കേരളത്തിലെ എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാരികളായ വനിതകൾക്ക് ഇന്നത്തെ വനിത ദിനത്തിലും പറയാനുള്ളത് ദുരിതകഥ മാത്രം.

സർക്കാർ അംഗീകാരം പ്രീ പ്രൈമറി അധ്യാപികമാർക്കും ആയമാർക്കും നൽകുമെന്ന് വാഗ്ദ്ധാനം നൽകി അധികാരത്തിലെത്തിയ പിണറായി വിജയൻ മുഖ്യമന്ത്രിയായ സ്ത്രീപക്ഷ സർക്കാരും വഞ്ചനയുടെ പാതയിൽ തന്നെയെന്ന് ബോധ്യപ്പെട്ടതിൻ്റെ അമർഷവും സങ്കടവും ഉള്ളിലൊതുക്കി ഇന്നും 5000 രൂപയ്ക്കും അതിനു താഴെയും ശമ്പളം മേടിച്ച് പേരിന് അധ്യാപികമാരായി കഴിയുന്ന ആയിരങ്ങൾ കേരളത്തിലുണ്ട്. ഈ വനിത ദിനത്തിൽ നാട് ഐക്യപ്പെടേണ്ടത് ഇവർക്കൊപ്പമാണ്.

പൊതുതിരഞ്ഞെടുപ്പ് ചൂടിൽ നാട് അടുക്കുമ്പോൾ പരാതി കടലാസുമായി എയ്ഡഡ് പ്രീ പ്രൈമറി അധ്യാപികമാർ രാഷ്ട്രീയ- അധികാര കേന്ദ്രങ്ങളെ തേടി അലയുകയാണ്. പൊതു വിദ്യാഭ്യാസ രംഗത്തെ പോഷിപ്പിക്കാൻ മുഖ്യപങ്കു വഹിക്കുന്നവരാണ് എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാർ.മൂന്നു പതിറ്റാണ്ട് മുൻപ് പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു പ്രീ പ്രൈമറി എന്ന ഒരു പുതിയ ആശയം സർക്കാർ നടപ്പിലാക്കി വന്നത്.സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ പ്രൈമറി സ്കൂളുകളോട് അനുബന്ധിച്ചും പ്രീ പ്രൈമറി ക്ലാസുകൾ കൂടി ആരംഭിക്കാൻ പിടിഎയും മാനേജ്മെൻ്റും നിർബന്ധിതമായതോടെയാണ് പൊതുവിദ്യാലയങ്ങൾ ശോഭിച്ചതും.

സർക്കാർ മേഖലയിൽ 2012 വരെയുള്ള ജീവനക്കാർക്ക് സർക്കാർ ഓണറേറിയമായി അധ്യാപികമാർക്ക് 12,000-12,500 ഉം, 7000-7500 നിരക്കിൽ ആയ മാർക്കും നൽകിവരുന്നുണ്ട്.എന്നാൽ എയ്ഡഡ് മേഖലയിൽ 2015 ലെ ഹൈക്കോടതി വിധിപ്രകാരമുള്ള 5000 രൂപ പോലും ലഭിക്കാത്ത അധ്യാപികമാരും ആയമാരുമാണ് നിലവിലുണ്ട്.മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ളവർ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം വരുമ്പോഴാണ് കേരള സർക്കാർ മാത്രം പ്രീ പ്രൈമറി മേഖലയിലെ വനിതകളോട് അവഗണന തുടരുന്നത്. സർക്കാറിന്റെ ഭാഗത്തു നിന്നു മാത്രമല്ല സ്കൂൾ പിടിഎയുടെയോ മാനേജ്മെന്റിന്റെയോ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള പരിഗണനയും ഇവർക്ക് ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. പ്രീ പ്രൈമറി ജീവനക്കാർക്കും കുടുംബമുണ്ടെന്ന പരിഗണന നൽകാതെ തുച്ഛമായ ശമ്പളം നൽകി അവഗണിക്കുകയാണ് മാനേജ്മെൻ്റും പിടിഎ കമ്മിറ്റികളും.

പതിറ്റാണ്ടുകളായി സമരങ്ങളും പോരാട്ടങ്ങളും നടത്തി നിരാശ മാത്രം ലഭിച്ച വനിതകളാണ് പ്രീ പ്രൈമറി ജീവനക്കാർ.അവർക്ക് വേണ്ടി സംസാരിക്കാൻ സിപിഎമ്മോ, കോൺഗ്രസോ, ബിജെപിയോ ഇല്ല. എന്നാൽ ഇവരുടെ വോട്ട് വേണം. എന്നാൽ ഇക്കുറി വോട്ട് ചെയ്യാതെ പ്രതിഷേധം അറിയിക്കാനും ചില പ്രീ പ്രൈമറി ജീവനക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഈ വനിത ദിനത്തിൽ നീതി നിഷേധിക്കപ്പെട്ട മലയാള കരയിലെ യഥാർത്ഥ ടീച്ചറമ്മമാർക്കൊപ്പമാണ് ഓപ്പൺമലയാളം ന്യൂസ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT