Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂഡല്‍ഹി : ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അഞ്ച് മാസം കൂടി സമയം നല്‍കിയതായി ഇപിഎഫ്ഒ.

അപേക്ഷകരുടെ ശമ്പള വിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് ഡിസംബര്‍ 31ന് അവസാനിക്കേണ്ട സമയ പരിധിയാണ് മെയ് 31 വരെ വീണ്ടും നീട്ടിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഉയര്‍ന്ന പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ ജീവനക്കാര്‍ തിരഞ്ഞെടുക്കുകയും തൊഴിലുടമകള്‍ അത് ശരിവെക്കുകയും ചെയ്യണം.

കഴിഞ്ഞ വര്‍ഷം ജൂലൈ 11 വരെയുള്ള കണക്ക് അനുസരിച്ച് 17.49 അപേക്ഷകളാണ് ലഭിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ 3.6 ലക്ഷം അപേക്ഷകള്‍ കൂടി തൊഴിലുടമകള്‍ ശരിവെക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന തൊഴിലുടമകളുടെ ആവശ്യം കണക്കിലെടുത്താണ് വീണ്ടും സമയം അനുവദിച്ചതെന്ന് ഇപിഎഫ്ഒ അറിയിച്ചു.

 

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT