Skip to content
Menu

OPEN MALAYALAM NEWS NETWORK

തൃശൂർ: ഐ.ടി.ഐ അടിസ്ഥാന യോഗ്യതയാക്കിയ ജോലികളിൽ ഇനി ഡിപ്ലോമക്കാർക്കും ബി.ടെകാർക്കും അപേക്ഷിക്കാനാവില്ല. 2022 ജൂലൈയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റി നൽകുന്ന ബി.ടെക് സർട്ടിഫിക്കറ്റുകൾ അതത് ബ്രാഞ്ചുകളിൽ ഉള്ള ഡിപ്ലാമ, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ ഉയർന്ന യോഗ്യത ആണെന്ന് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലടക്കം ഐ.ടി.ഐ യോഗ്യതയുള്ള പല തസ്തികകളിലും ഡിപ്ലോമ, ബി.ടെക്കുകാർ എത്തുകയും ചെയ്തു. ഇതിന് പിറകെ ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവരുടെ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് തിരുത്തി പുതിയത് ഇറക്കിയത്.

കേരളത്തിന്റെ വിവിധ ട്രേഡുകളിൽ ഐ.ടി.ഐ കോഴ്സുകൾ നടത്തുന്നത് വ്യവസായ പരിശീലന വകുപ്പാണ്. ഐ.ടി.ഐ പഠനം നൈപുണ്യവികസനം വ ർധിപ്പിക്കാനുള്ള കരിക്കുലം ആണെങ്കിൽ എൻജിനീയറിങ്, ഡിപ്ലോമ വിദ്യാഭ്യാസത്തിൽ നൈപുണ്യത്തേക്കാൾ കൂടുതൽ പ്രാധാന്യം അക്കാദമിക് രംഗത്തിനാണ്. അതിനാൽ ഐ.ടി.ഐ, എൻ.ഐ.സി, എൻ.ടി.സി ട്രേഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്ന കോഴ്സുകളുമായി ഇവയെ തുലനപ്പെടുത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞ മാർച്ചിൽ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ്(ഡി. ജി.ടി) വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയത് ചർച്ചകൾക്കിടയാക്കി.

ഇതിന് പിറകെയാണ് ജൂലൈ 30ന് ബി. ടെക്കുകാരെ അതത് ബ്രാഞ്ചുകളിൽ ഉള്ള ഡിപ്ലോമ, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ ഉയർന്ന യോഗ്യതയാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവർ സർക്കാർതലത്തിൽ നിവേദനം സമർപ്പിച്ചതിനെത്തുടർന്ന് നിയോഗിക്കപ്പെട്ട ട്രെയിനിങ് ഡയറക്ടർ നിയമിച്ച വിദഗ്ധ സമിതി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിക്കണ മെന്ന് ശിപാർശ ചെയ്തു.

ഇക്കാര്യം പരിഗണിച്ചാണ് വ്യവസായിക പരിശീലന വകുപ്പ് നടത്തുന്ന കോഴ്സിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ തൊഴിൽ ലഭ്യത നഷ്ടമാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ചൊവ്വാഴ്ച ഇറങ്ങിയ ഉത്തരവിൽ പറയുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT