Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിൽ. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും. എന്നാൽ, കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയക്കും.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്. കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
കേരളം ഞെട്ടിയ തട്ടിക്കൊണ്ട് പോകലിൽ പല വഴിക്കാണ് അന്വേഷണം നടക്കുന്നത്. പിന്നിൽ കുഞ്ഞിന് അച്ഛൻ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പൊലീസ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛൻ നഴ്സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛൻ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണമാണ് നഴ്സിംഗ് കെയര്‍ ടേക്കറിലേക്കും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നിൽക്കുന്നത്.
ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT