Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ കണ്ണൂരില്‍ പഴുതടച്ച സുരക്ഷയൊരുക്കി ജില്ല ഭരണകൂടവും പൊലീസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ്ങ് നടക്കുന്ന മുഴുവന്‍ സമയവും വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സേനയുടെ സുരക്ഷയിലായിരിക്കും വോട്ടെടുപ്പ്. കൂടാതെ പോളിങ്ങ് സ്‌റ്റേഷനുകളില്‍ കേന്ദ്ര നിരീക്ഷകരുടെ സാനിധ്യവുമുണ്ടാകും. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ജില്ല കളക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. ക്രമസമാധാന നിര്‍വഹണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യ കണ്ണൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പട്രോളിംഗ് ടീമിനും യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഉതകുന്ന തരത്തിലാണ് ക്യു ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.

റൂറല്‍ ജില്ലാ പൊലീസിന്റെ പരിധിയിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍, ഗ്രൂപ്പ് പട്രോള്‍, ക്യു ആര്‍ ടി പട്രോള്‍ എന്നിവയുടെ സ്ഥാനം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നിര്‍ണയിക്കാനും കഴിയുന്നതാണ് സംവിധാനം. ഇലക്ഷന്‍ ബന്തവസ്സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയ ക്യൂ ആര്‍ കോഡ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കഴിഞ്ഞാല്‍ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പൊലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. റൂറല്‍ ജില്ലാ പരിധിയില്‍ ഇലക്ഷന്‍ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പട്രോളിങ്ങ് ടീമുകളുടെ സാന്നിധ്യം നിര്‍ണ്ണയിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കാന്‍ ഇതോടെ കഴിയും. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ഇലക്ഷന്‍ സെല്‍ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിനുപുറമെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ജില്ലയിലെ മലയോര മേഖലയിലുള്ള പോളിങ്ങ് ബൂത്തുകളിലും കനത്ത സുരക്ഷയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..