Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി:പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന ഉത്സാഹം അതിന്റെ തുടര്‍നടത്തിപ്പിലും പരിപാലനത്തിലും പുലര്‍ത്തണമെന്നും കൃത്യമായി പരിപാലിക്കപ്പെടുന്ന കെട്ടിടങ്ങളും നിര്‍മ്മിതികളും നാളേക്ക് മുതല്‍ കൂട്ടാകുമെന്നും നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. തലശ്ശേരിയില്‍ പുതുതായി നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ‘ടേക്ക് എ ബ്രേക്കി’ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി നഗരത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ ഇനി ഉണ്ടാവില്ല. ഷോപ്പിംഗ് കോംപ്ലക്‌സുകളോട് കിടപിടിക്കുന്ന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടം ടൂറിസം രംഗത്തിനും മുതല്‍കൂട്ടാണ്. തലശ്ശേരിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്. എന്നാല്‍ പേന വാടകയ്ക്ക് നല്‍കി ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവരുമുണ്ട്തലശ്ശേരിയില്‍ നല്ല പദ്ധതികളും പ്രവൃത്തികളും വരുമ്പോള്‍ അതിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. അത്തരം വാര്‍ത്തകള്‍ ജനം തള്ളിക്കളയുമെന്നും സ്പീക്കര്‍ പറഞ്ഞു.

തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ടൈഡ് ഫണ്ടില്‍ നിന്നും 59.88 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടം ഒരുക്കിയത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേകം ടോയ്‌ലറ്റുകളും കുളിമുറികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താഴത്തെ നിലയില്‍ ആറ് ടോയ്‌ലറ്റുകളും അംഗപരിമിതര്‍ക്കായി രണ്ട് ടോയ്‌ലറ്റുകളും ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കായി 11 ടോയ്‌ലറ്റുകളുമാണ് ഉള്ളത്. വിശ്രമമുറി, ക്ലോക്ക്‌റൂം, കഫറ്റീരിയ, പൂന്തോട്ടം എന്നിവയുമുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രകാരം ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിര്‍മ്മിച്ചത്. തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ചിത്രകലാധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കെട്ടിടത്തിന്റെ ചുവരുകളില്‍ തലശ്ശേരിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും വരച്ചു ചേര്‍ത്തു.

തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് സദാനന്ദപൈ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ കെഎം ജമുനാറാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ബഡ്‌സ് കലോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി അഞ്ജനക്കും കെട്ടിടം പണിപൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ കെ സിദ്ദിഖിനും സ്പീക്കര്‍ ഉപഹാരം നല്‍കി. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി കെ സാഹിറ, നഗരസഭാംഗം തബസം, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം സി ജസ്വന്ത്, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT