Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: എംഡിഎംഎയും കൂടെ നല്ല മധുരത്തിൽ ഒരു ജ്യൂസും അകത്തു ചെന്നാൽ ലഹരിയുടെ തീവ്രത വർദ്ധിക്കുമത്രേ.പാനൂർ മേഖലയിൽ ന്യൂജൻ ഫ്രീക്കന്മാർ ലഹരിയിൽ നടത്തുന്ന കുത്തഴിഞ്ഞ ജീവിതത്തിൽ നിസ്സഹായതയിൽ ആത്മഹത്യ ചെയ്തവർ പോലുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.കഴിഞ്ഞ ദിവസം പുത്തൂരിൽ നിന്നും പുകവലി ചോദ്യം ചെയ്ത നാട്ടുകാരെ അക്രമിക്കാൻ പ്ലസ്ടുക്കാർ വന്നത് മാരകായുധങ്ങളുമായിട്ടായിരുന്നു. കയ്യിൽ നിന്നും ആയുധം തട്ടിത്തെറിപ്പിച്ച് തല്ലും നൽകി നാട്ടുകാർ വിട്ടിരുന്നു.എന്നാൽ സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൻമേൽ പാനൂർ പോലീസ് കേസെടുത്തിട്ടുമുണ്ട്. ആദർശ് ലാൽ, അനിൽ,വരുൺ, രാജീവൻ തുടങ്ങി കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.ആയുധം അടക്കം അക്രമിക്കാനെത്തിയ വിദ്യാർത്ഥിക്കെതിരെ ഒരു നടപടിയുമെടുക്കാത്തതിൽ വലിയ പ്രതിഷേധവുമുയരുന്നുണ്ട്.

ഈയിടെ നടന്ന കലോത്സവത്തിൽ കൊളവല്ലൂർ ഹയർ സെക്കണ്ടറിയിലെയും , പാനൂരിലെയും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും, കലാധ്യാപകന് ക്രൂരമായ മർദ്ധനവുമേറ്റ സംഭവമുണ്ടായിരുന്നു.ഇതിനു പിന്നിൽ ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളായിരുന്ന വെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

കൊളവല്ലൂരിൽ വിദ്യാർത്ഥിനിയെ കയറിപിടിച്ച സഹപാഠിയെ ചോദ്യം ചെയ്തതിനാണ് സംഘം ചേർന്ന് കലാധ്യാപകനെ തല്ലിയത്.സംഭവങ്ങൾ അതിരു വിട്ടിട്ടും സ്ക്കൂൾ അധികൃതർ പരാതി നൽകാതെ വന്നതോടെ ന്യൂജൻ സംഘങ്ങൾ തെരുവിലും ഏറ്റുമുട്ടിയിരുന്നു.പാനൂർ സ്ക്കൂളിൽ നടന്ന തല്ലിന് ചമ്പാട് വെച്ച് ഒരു കൂട്ടർ പകരവും തീർത്തത്രേ.പല പ്രദേശങ്ങളിലുമുള്ള സ്ക്കൂൾ കോളേജ് വിദ്യാർഥികൾ ഒരു ഗ്യാങായി പാനൂരിലും പരിസരങ്ങളിലും നിരവധി സംഘർഷങ്ങൾ ഉണ്ടാക്കി വരികയാണ്. ഇവർക്ക് വിദ്യാർത്ഥി രാഷ്ട്രീയമോ മറ്റ് സംഘടന പ്രവർത്തനമോ ഇല്ല എന്നതാണ് ലഭ്യമാകുന്ന വിവരം.

എലാങ്കോട് ഒരു വീട്ടിൽ ഗ്യാങായി എത്തിയ ന്യൂജൻ ഫ്രീക്കൻമാരെ റോഡിൽ തടഞ്ഞ് തല്ല് കൊടുത്തപ്പോഴാണ് എംഡിഎംഎ ഉപയോഗിക്കുന്നതും അതിനു ശേഷം വീര്യം കൂട്ടാൻ രാത്രിയിൽ ജ്യൂസ് കുടിക്കുന്നതുമെന്ന വെളിപ്പെടുത്തൽ ഉണ്ടായത്.പൊയിലൂരിലെ ഒരു യുവാവ് എലാങ്കോട് ഉള്ള ഒരു യുവതിയെ പ്രണയിക്കുകയും പിന്നീട് ഇയാൾ ലഹരിക്കടിമയാണെന്ന് ബോധ്യമായതോടെ യുവതി പിൻമാറാൻ നോക്കിയെങ്കിലും സാധിക്കാതെ വരികയുമായിരുന്നു. സ്വകാര്യ നിമിഷങ്ങൾ മൊബൈൽ പകർത്തി ബ്ലാക് മെയിൽ ചെയ്തതോടെയാണ് യുവതി കുടുങ്ങിയത്.വീട്ടുകാർ അറിഞ്ഞ് എതിർത്തെങ്കിലും ബന്ധം തുടർന്നതോടെ പിതാവ് ആത്മഹത്യ ചെയ്യുകയുമുണ്ടായി.ഇതിനു ശേഷം സുഹൃത്തിനോട് യുവതി സത്യം വെളിപ്പെടുത്തിയതോടെ നാട്ടുകാർ പൊയിലൂരിലെ ഫ്രീക്കനെ പൊക്കുകയും മൊബൈൽ കൈക്കലാക്കി യുവതിയെ കുരുക്കിൽ നിന്നും രക്ഷിക്കുകയുമായിരുന്നു.ഇതേ യുവാവിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ ഒരു ഘട്ടത്തിൽ പാനൂർ പോലീസിൽ പരാതിയും നൽകിയിരുന്നുവെന്ന് നാട്ടുകാർ ഓപ്പൺ മലയാളം ന്യൂസിനോട് പറഞ്ഞു.പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത രക്ഷിതാവിനെ 20ഓളം വരുന്ന കുട്ടികൾ ബട്ടൻ കത്തി, ഇടിവള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദ്ദിച്ച സംഭവവും പാനൂരിലുണ്ടായിരുന്നു. പെൺകുട്ടികളുടെ ഭാവിയെ ഭയന്ന് പലരും പരാതി നൽകാതെ ഒഴിഞ്ഞു മാറുന്നതും അക്രമി കൂട്ടങ്ങൾക്ക് സൗകര്യമാവുകയാണ്.

ഇതിനു പുറമെ വിദ്യാർഥിനികളെ സ്പെഷ്യൽ ക്ലാസ് കട്ട്‌ ചെയ്ത് കൂട്ടുകാരുടെ വീട്ടിലേക്ക് എത്തിക്കാൻ പ്രത്യേക ഗ്യാങ് തന്നെ പ്രവർത്തിക്കുന്നുണ്ട്. അച്ഛനും അമ്മയും ജോലിക്ക് പോകുന്ന സമയം നോക്കിയാണ് ഇത്തരം പ്രവൃത്തി.കഴിഞ്ഞ ദിവസം ഒൻപതാം ക്ലാസുകാരിയെ ബൈക്കിലെത്തി നിരന്തരം ശല്യം ചെയ്ത ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ ചോദ്യം ചെയ്ത രക്ഷിതാവിനെ റോഡിൽ വെച്ച് പരസ്യമായി അപമാനിച്ചതോടെ കുട്ടിയെ സ്ക്കൂളിൽ വിടാതെയായി. ഇതു കൂട്ടുകാരികൾ മുഖാന്തിരം മനസിലാക്കിയ സ്ക്കൂൾ അധികൃതർ രക്ഷിതാക്കളെ ബന്ധപ്പെടുകയായിരുന്നു.പിന്നീട് രാഷ്ട്രീയ നേതൃത്വം ഇടപ്പെട്ടാണ് ആ വിദ്യാർത്ഥിനിക്ക് വീണ്ടും സ്ക്കൂളിൽ പോകാൻ സാഹചര്യമുണ്ടായത്.

കുട്ടി ക്രിമിനലുകൾ ഭീതി പടർത്തുന്ന ഭയാനകമായ സാഹചര്യം കാരണം പല വീട്ടുകാരും ആശങ്കയിലാണ്.പാനൂർ നഗരം, ബസ്റ്റാൻഡ് പരിസരം, വളള്യായി നവോദയ കുന്ന്, കൊളവല്ലൂർ സ്ക്കൂൾ കുന്നിൻ പ്രദേശം എന്നിവിടങ്ങളിലാണ് കുട്ടിക്രിമിനൽ സംഘങ്ങൾ തമ്പടിക്കുന്നത്.ഇരുചക്രവാഹനങ്ങളിൽ ചീറി പായുന്ന ന്യൂജൻ ഫ്രീക്കൻമാർ പുതുലഹരി നുണഞ്ഞ് നാട്ടിൽ ഭീതി പടർത്തുകയാണ്. രാഷ്ട്രീയ യുവജന സംഘടനകളും പോലീസും അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ചില സന്ദർഭങ്ങളിൽ രാഷ്ട്രീയക്കാർ ഇത്തരക്കാർക്ക് സഹായം നൽകുന്നതും അക്രമി സംഘത്തിന് ബലമാകുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT