Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഊർജ്ജവിപ്ലവം തീർക്കാൻ കെ.എസ്.ഇ.ബി സൗര പ്രോജക്ട്. ഇതു വഴി നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ സോളാർ പാനൽ സ്ഥാപിച്ച 1264 വീടുകളിൽ നിന്ന് 5016 കിലോ വാട്ട് വൈദ്യുതിയാണ് ഉത്പ്പാദിപ്പിച്ചുതുടങ്ങിയത്.സാധാരണ ഒരു കുടുംബത്തിന് ഒരുദിവസം ഗാർഹിക ആവശ്യത്തിനായി ആറ് മുതൽ എട്ടൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. അധികമുള്ള വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡ് ഗ്രിഡ് വഴി വാങ്ങും. ഇതിൻ്റെ തുക വർഷത്തിൽ ഉപഭോക്താക്കൾക്ക് നൽകും. നിലവിൽ സംസ്ഥാനത്ത് 10 കിലോവാട്ടിൽ താഴെയുള്ള പ്ലാന്റുകളാണ് വീടുകളിൽ സ്ഥാപിച്ചിരിക്കുന്നത്. പത്ത് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകൾ അനേർട്ട് മുഖേന സ്ഥാപിക്കുന്ന പ്രവർത്തനം നടന്നു വരികയാണെന്ന് അധികൃതർ പറഞ്ഞു.

ലക്ഷ്യം വൈദ്യുതിചിലവ് കുറക്കൽ

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് വീടുകളിൽ വൈദ്യുതി ചെലവ് കുറയ്ക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കും. കേന്ദ്ര നവ പുനരുപയോഗ മന്ത്രാലയം (എം.എൻ.ആർ.ഇ) കെ.എസ്.ഇ.ബി മുഖേന സബ്‌സിഡിയോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പദ്ധതിയിൽ അറിയാൻ

മൂന്ന് കിലോവാട്ടിൽ താഴെ സോളാർ പ്ലാന്റുകൾക്ക് സബ്സിഡി 40%

മൂന്ന് കിലോവാട്ടിന് മുകളിൽ 20%

ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാൻ്റിന് ചിലവ് 42,000

ആവശ്യമായത് 100 ചതുരശ്ര അടി സ്ഥലം

പ്രതിദിനം നാല് യൂണിറ്റ് വൈദ്യുതി

കണ്ണൂരിൽ പുരപ്പുറ സൗരോർജ്ജപദ്ധതി

വീടുകൾ

1264

വൈദ്യുതി ഉത്പാദനം 5016 കിലോ വാട്ട്

വേണ്ടത് നിരപ്പായ പ്രതലം

നിരപ്പായ പ്രതലത്തിലുള്ള പുരപ്പുറങ്ങളാണ് പ്ലാന്റിന് അനുയോജ്യം. ചരിഞ്ഞ പ്രതലങ്ങളിൽ സ്റ്റാൻഡുകൾക്കും ഫാബ്രിക്കേഷൻ ജോലികൾക്കും അധികചെലവ് വരും. എംപാനൽ ചെയ്ത ഏജൻസികളാണ് പ്ലാന്റുകൾ നിർമ്മിച്ച് നൽകുന്നത്.പ്ലാന്റുകൾ പൂർത്തിയായാൽ കെ.എസ്.ഇ.ബിയുമായി കരാർ ഏർപ്പെടും. പ്ലാൻ്റുകളുടെ നിർമ്മാണം പൂർത്തിയായ ശേഷം സബ്‌സിഡി തുക തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തിലുള്ള മുതൽമുടക്ക് ഒഴിവാക്കിയാൽ പിന്നീട് നല്ല രീതിയിൽ വൈദ്യുതി ബില്ലിൽ ലാഭമുണ്ടാക്കാമെന്നാണ് വൈദ്യുതിവകുപ്പിന്റെ വാഗ്ദാനം.

പത്തുമെഗാവാട്ട് പ്ലാന്റുകളുമുണ്ട്

അനേർട്ട് വഴി പത്ത് മെഗാ വാട്ട് ശേഷിയുള്ള 188 പ്ലാന്റുകൾ ജില്ലയിൽ ഇതുവരെയായി സ്ഥാപിച്ചിട്ടുണ്ട്. 553 കിലോ വാട്ടാണ് പ്ലാന്റിന്റെ ശേഷി കാസർകോട് ജില്ലയിൽ 128 കിലോ വാട്ട് ശേഷിയുള്ള പ്ലാന്റുകൾ 48 വീടുകളിലും സ്ഥാപിച്ചിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT