Skip to content
Menu

OPEN MALAYALAM NEWS NETWORK

സംസ്ഥാനത്ത് വേനല്‍മഴയില്‍ വന്‍കുറവ്. 71 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒരു തുള്ളി മഴ കിട്ടിയിട്ടില്ല. കൊടും ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമാകുമെന്ന ആശങ്കയിലാണ് സംസ്ഥാനം.

സാധാരണ മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ പത്തുവരെയുള്ള കാലയളവില്‍ കേരളത്തില്‍ 63.2 മില്ലീ മീറ്റര്‍മഴ കിട്ടേണ്ടതാണ്. ഇത്തവണ കിട്ടിയത് വെറും 18 മില്ലീമീറ്റര്‍ മാത്രം.  71 ശതമാനമാണ് വേനല്‍മഴയില്‍ ഉണ്ടായിട്ടുള്ള കുറവ്. ഇതോട മാര്‍ച്ചില്‍ തന്നെ പതിവില്ലാത്തവിധം ചൂട് ഉര്‍ന്നു. ഏപ്രിലായതോടെ കൊടും ചൂടും വരള്‍ച്ചയും കേരളത്തെ വലക്കുകയാണ്. മലപ്പുറം, കോഴിക്കോട്,  വയനാട് ജില്ലകളില്‍ മഴ കിട്ടിയിട്ടേ ഇല്ല. കണ്ണൂരും കാസര്‍കോടും മഴയുടെ കുറവ് 99 ശതമാനമാണ്. പാലക്കാട് 97 , ഇടുക്കിയില്‍ 92 ശതമാനം വീതം മഴ കുറഞ്ഞു. എല്ലാ ജില്ലകളിലും വലിയതോതില്‍  വേനല്‍ മഴ കുറഞ്ഞതോടെ  ചൂട് അസഹനീയമായി. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. അനുഭവവേദ്യമാകുന്ന ചൂട് 45 മുതല്‍ 50 ഡിഗ്രിവരെയാണ്.

സംഭരണികളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇടുക്കിയില്‍ സംഭരണശേഷിയുടെ 41 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറിലും 41 ശതമാനം വെള്ളമേയുള്ളൂ. ഷോളയാറില്‍ 33, ബാണാസുരസാഗറില്‍ 25 ശതമാനം വീതമായി ജലനിരപ്പ് താണു. മഴയുടെ കുറവ്് വൈദ്യുതി ഉത്പാദനത്തെയും ജലവിതരണത്തെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഞായറാഴ്ചവരെ കേരളത്തില്‍ ഉയര്‍ന്ന ചൂട് തുടരുമെന്നും  മിതമായ മഴ ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT