Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: ലഹരി വില്പന സംഘങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ മിന്നൽ പരിശോധന നിർബന്ധമാക്കാൻ എക്സൈസ് കമ്മിഷണറുടെ നിർദേശം. സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരിസംഘങ്ങൾ ലക്ഷ്യം വച്ചിട്ടുണ്ടെന്നും ഈ സ്ഥാപനങ്ങൾ പ്രശ്നബാധിത സ്കൂളുകളെന്നുമുള്ള എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ മിന്നൽ പരിശോധന നടത്തുക.

അടുത്ത ദിവസം മുതൽ കർശന നടപടികളിലേക്ക് നീങ്ങുകയാണ് എക്സൈസ് വകുപ്പ്. ലഹരി ഉപയോഗത്തിന്റെയും ലഹരി വില്പന സംഘങ്ങളുടെ സാന്നിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രശ്നബാധിത സ്കൂളുകളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. ഈ സ്കൂളുകളുടെ പരിസരങ്ങളിലും വിദ്യാർഥികൾ വീട്ടിലേക്കു പോകുന്ന വഴികളിലും ലഹരി വില്പന സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

രാവിലെയും വൈകിട്ടുമയാണ് സ്കൂളുകളിലും പരിസരത്തും പരിശോധന നടത്തുക. സ്കൂളുകൾക്ക് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, പാർക്കുകൾ, ശീതള പാനീയ കേന്ദ്രങ്ങൾ, സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് പോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തും.
ഏറ്റവും അധികം പ്രശ്ന ബാധിത സ്കൂളുകൾ ഉള്ളത് കൊല്ലം ജില്ലയിലാണ്. 39 സ്കൂളുകൾ. രണ്ടാമത് തൃശ്ശൂർ ജില്ലയാണ്. 28 സ്കൂളുകൾ. മൂന്നാമത്തെ ജില്ല തിരുവനന്തപുരം. 25 സ്കൂളുകൾ. ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്. 7 സ്കൂളുകളാണ് ലഹരി വില്പനയെ തുടർന്ന് പ്രശ്നബാധിത സ്കൂളുകളുടെ പട്ടികയിൽ ഉള്ളത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT