Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: സെന്റ് തെരേസാ ദേവാലയത്തില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണൂര്‍ത്തെരുവിലെ ശിവക്ഷേത്രക്കുളത്തില്‍നിന്ന് മാഹി പോലീസ് കണ്ടെടുത്തു.

ദേവാലയങ്ങളില്‍ അപ്പവും വീഞ്ഞും ഭക്തര്‍ക്കു നല്‍കാന്‍ ഉപയോഗിക്കുന്ന പിലാസയാണു കുളത്തില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ കുളപ്പുള്ളി സ്വദേശി തട്ടാന്‍ ചിറക്കുന്നു പറമ്പിൽ ഫിറോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് ചെയ്യുമെന്നു മാഹി പോലീസ് പറഞ്ഞു. കഴിഞ്ഞ 14-നായിരുന്നു മയ്യഴി മാതാവിന്റെ ദേവാലയത്തില്‍ മോഷണം നടന്നത്. സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഫിറോസിനെ കണ്ടെത്തിയത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൊര്‍ണൂരിലെ ശിവക്ഷേത്രക്കുളത്തില്‍ പോലീസ് പരിശോധന നടത്തിയത്. മോഷ്ടിച്ച സാധനങ്ങള്‍ ഷൊര്‍ണൂരില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും വാങ്ങാന്‍ തയാറാവാത്തതാണ് കുളത്തിലുപേക്ഷിക്കാന്‍ കാരണമെന്നാണു ഫിറോസ് മൊഴി നല്‍കിയിരിക്കുന്നത്.

എസ്.ഐ. റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൊര്‍ണൂരിലെത്തി ഫിറോസിനെ പിടികൂടിയത്. ഫിറോസ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. എന്നാല്‍ മോഷണംപോയ കുരിശും മറ്റു സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. ദേവാലയത്തിലെ സി.സി. ടിവി കാമറാദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിക്കുന്നത്. മാഹി പെരുന്നാള്‍ കാലത്ത് ഉപയോഗിച്ചുവരുന്ന കുരിശും മറ്റുമാണ് മോഷണം പോയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT