Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്. കേസ്അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും, മരണശിക്ഷ തന്നെ നല്‍കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
28 വയസ്സുള്ളതിനാല്‍ അസഫാക്കിന്റെ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാൽ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ശിക്ഷയിൽ ഇളവുണ്ടാകണമെന്നുമാണ് പ്രതിഭാ​ഗം ആവശ്യപ്പെട്ടിരുന്നത്.
കേസില്‍ പ്രതി ബിഹാര്‍ സ്വദേശിയായ അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 13 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..