Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇന്നും നാളെയും (2024 ഫെബ്രുവരി 18, 19 ) കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍, ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കി.

*സൂര്യാഘാതം*

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

*രോഗ ലക്ഷണങ്ങള്‍*

വളരെ ഉയർന്ന ശരീരതാപം (103 ഡിഗ്രി ഫാരൻഹീറ്റ്), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

*സൂര്യാതപമേറ്റുള്ള താപ ശരീര ശോഷണം*

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

*രോഗ ലക്ഷണങ്ങള്‍*

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

*സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍*

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.
ധാരാളം പാനീയങ്ങള്‍ കുടിക്കാൻ നല്‍കുക.
ഫലങ്ങളും സാലഡുകളും കഴിക്കുക.
ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ,ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ഉറപ്പുവരുത്തുക.

*പ്രത്യേക ശ്രദ്ധ വേണ്ടവർ*

മുതിർന്ന പൗരൻമാർ (65വയസിന് മുകളില്‍), ഗർഭിണികള്‍, കുഞ്ഞുങ്ങള്‍ (4 വയസിന് താഴെയുള്ളവർ), ഗുരുതരമായ രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

 

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..