Skip to content
Menu

OPEN MALAYALAM NEWS NETWORK

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിക്കൂര്‍ മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോസഫ് കാവനാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 20നു ശ്രീകണ്ഠപുരം ബസ് സ്റ്റാന്റ് പരിസരത്തു നടക്കുന്ന നവകേരള സദസില്‍ 185 ബൂത്തുകളില്‍ നിന്നുമായി 15000 ആളുകള്‍ പങ്കെടുക്കും. പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ക്കും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും.
ഇതിനുപുറമേ ജനറലായി അഞ്ചു കൗണ്ടറുകള്‍ സജ്ജമാക്കും. ഉച്ചക്ക് രണ്ടുമുതല്‍ പരാതികള്‍ സ്വീകരിച്ച് രസീത് നല്‍കുന്നതാണെന്നും ഫാ. ജോസഫ് കാവനാടിയില്‍ പറഞ്ഞു.
നവകേരള സദസുമായി ബന്ധപ്പെട്ട് ഒമ്പത് പഞ്ചായത്ത് മുന്‍സിപ്പല്‍തല സംഘാടക സമിതിയും 184 ബൂത്ത് സംഘാടക സമിതിയും നിലവില്‍ വന്നു.
16നു ജില്ലാ കമ്പവലി മത്സരം നടുവിലും മാപ്പിളപ്പാട്ട്, മൈലാഞ്ചി ഇടല്‍ മത്സരം ഇരിക്കൂറിലും നടക്കും. 17നു ശ്രീകണ്ഠപുരത്ത് നടക്കുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയും പോസ്റ്റര്‍ രചനയും പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാതല കൈകൊട്ടിക്കളി മത്സരം ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയില്‍ നടക്കും. 18നു ശ്രീകണ്ഠപുരത്ത് വൈകുന്നേരം വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.
തുടര്‍ന്ന് ശ്രീകണ്ഠപുരം ടൗണില്‍ മെഗാ തിരുവാതിരയും നടക്കും. എസ്ഇഎസ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും ഒരുങ്ങുന്നുണ്ട്. ഇതേദിവസം ജില്ലാതല നാടന്‍പാട്ട് മത്സരം-ഉളിക്കലില്‍ നടക്കും. 17, 18, 19 തീയ്യതികളില്‍ വിവിധ ടൗണുകളില്‍ ഫ്ളാഷ് മോബ് പര്യടനം നടത്തും. എല്ലാ പഞ്ചായത്ത് സംഘാടക സമിതികളുടെയും നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് എന്നിവര്‍ പങ്കെടുത്തു.
*ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്: ശ്രീകണ്ഠപുരത്ത് മെഗാശുചീകരണം*
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിക്കൂര്‍ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് മെഗാ ശുചീകരണം സംഘടിപ്പിച്ചു. നഗരസഭാ പരിസരത്ത് വിസ്മയാ പാര്‍ക്ക് ചെയര്‍മാന്‍ പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കര്‍മ്മ സേനാഗങ്ങളും ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പടെ അഞ്ചൂറിലധികം ആളുകള്‍ പങ്കെടുത്തു.
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷന്‍ റോഡ് മുതല്‍ ഓടത്തുപാലം വരെയും മലപ്പട്ടം റോഡ് വരെയും ശുചീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ വി ഗീത അധ്യക്ഷയായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗം എം സി രാഘവന്‍, യു അനീഷ്, പി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
*നവകേരള സദസ്സ്: ഇരിക്കൂറില്‍ മിനി മാരത്തണ്‍ നടത്തി*
ഇരിക്കൂര്‍ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മിനി മരത്തണ്‍ സംഘടിപ്പിച്ചു. ചെമ്പേരിയില്‍ നിന്നും ആരംഭിച്ച് പയ്യാവൂരില്‍ സമാപിച്ച മാരത്തണ്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് ഉദ്ഘാടനം ചെയ്തു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. എരുവേശ്ശി പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാന്‍ ജോയ് ജോണ്‍, കെ ടി അനില്‍കുമാര്‍, എ ജെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..