Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ശക്തമായ പ്രവർത്തനവുമായി മുന്നോട്ട് നീങ്ങുമ്പോൾ കണ്ണൂർ ബിജെപിയിൽ വിഭാഗീയത സർവ്വ സീമകളും ലംഘിച്ച് പുറത്ത് വരുന്നതായി സൂചന. ഇത് സംഘടന സംവിധാനത്തെ സാരമായി ബാധിച്ചതായി ഒരു വിഭാഗം നേതാക്കൾ സമ്മതിക്കുന്നു.2014ൽ ജില്ലയിലെ പ്രമുഖ നേതാക്കളായ ഒകെ വാസു മാസ്റ്ററും, എ.അശോകനും അടക്കമുള്ളവർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നെങ്കിലും ആ ഘട്ടത്തിൽ ആർഎസ്എസ് നേതൃത്വം നേരിട്ടിറങ്ങി സംഘടന സംവിധാനത്തെ ബലപ്പെടുത്തിയിരുന്നു. പി.സത്യപ്രകാശായിരുന്നു അന്ന് ജില്ലാ പ്രസിഡണ്ട്.കെ.രഞ്ചിത്ത് ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ച ഘട്ടത്തിൽ ഉള്ള സംഘടന മികവിലേക്ക് ഉയരാൻ സംഘ നേതൃത്വത്തിൻ്റെ പിന്തുണ ഉണ്ടായിട്ടും പി.സത്യപ്രകാശിന് ആയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി നേതാക്കളുടെ എതിർ ചേരിക്കാരിൽ പ്രമുഖനായിരുന്നു പി.സത്യപ്രകാശ്.പിന്നീട് കാലാവധി പൂർത്തിയായി പുതിയ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം നടന്നെങ്കിലും എൻ.ഹരിദാസ് ജില്ലയുടെ സാരഥ്യം ഏറ്റെടുത്തു. അന്ന് കെ.രഞ്ചിത്ത് സംഘടന തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും എൻ.ഹരിദാസിന് ജില്ലാ പ്രസിഡണ്ട് സ്ഥാനം ലഭിക്കുകയായിരുന്നു.ഇതോടെ കെ.രഞ്ചിത്തിനെ പിന്തുണച്ച മണ്ഡലം കമ്മിറ്റികൾ എൻ.ഹരിദാസിനെതിരെ യും തിരിഞ്ഞു.

ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലം അടക്കമുള്ള ശക്തമായ മണ്ഡലം കമ്മറ്റികൾ ജില്ല പ്രസിഡണ്ട് എൻ.ഹരിദാസിനെ അംഗീകരിക്കാൻ പോലും തയ്യാറാവാത്ത സ്ഥിതി വിശേഷവുമുണ്ടായി.ഇത് പാർട്ടിയിലെ വിഭാഗീയത രൂക്ഷമാക്കി. എപി.അബ്ദുള്ളക്കുട്ടി, സി.രഘുനാഥ് അടക്കമുള്ള മുൻനിര നേതാക്കൾ ജില്ലയിൽ മറ്റ് പാർട്ടികളിൽ നിന്നും സംഘപരിവാർ പാളയത്തിലെത്തിയെങ്കിലും താഴെ തട്ടിൽ പാർട്ടി ശോഷിക്കുകയായിരുന്നു.പല ബൂത്ത് കമ്മറ്റികളും ഇന്ന് നിർജീവമാണെന്ന് ജില്ല നേതാക്കൾ തന്നെ അടിവരയിടുന്നു.ഇത് ലോക് സഭ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കയാണ് പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളും അണികളും പങ്കുവെയ്ക്കുന്നത്.ഇതിനിടയിൽ ജില്ല പ്രസിഡണ്ട് എൻ.ഹരിദാസിൻ്റെ ഗൃഹപ്രവേശനത്തിന് സിപിഎമ്മിൽ ചേർന്ന ഒകെ.വാസുവും, എ.അശോകനും പങ്കെടുത്തതും പാർട്ടിയിലെ വിഭാഗീയത മറ നീക്കി വരാൻ കാരണമായി. എൻ. ഹരിദാസിനെതിരെ കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സികെ.സുരേഷ് ബാബു പ്രതിഷേധവും പരാതിയും ഉയർത്തി.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിലും പ്രവർത്തകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അതത് ഘട്ടത്തിൽ പരിഹരിക്കാൻ പോലും നേതൃത്വത്തിന് കഴിയാതെ വന്നതോടെ പ്രവർത്തകരിൽ നേതൃത്വത്തോട് അവിശ്വാസം പ്രബലമായി വന്നു കഴിഞ്ഞു. വോട്ടിംഗ് ശതമാനം പോലും തിരഞ്ഞെടുപ്പുകളിൽ വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.2019 ൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സി കെ പത്മനാഭന് ആകെ ലഭിച്ച വോട്ട് 68509 ആണ്. 6.5 % വോട്ടാണ് രേഖപ്പെടുത്തിയത്.ജില്ല പ്രതിനിധാനം ചെയ്യുന്ന തലശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകര ലോക്സഭ മണ്ഡലത്തിലും സ്ഥിതി ആശാവഹമല്ല.80,128 വോട്ടാണ് സ്ഥാനാർത്ഥിയായ വി കെ.സജീവന് നേടാൻ സാധിച്ചത്. 7.5% വോട്ടാണിത്.കേന്ദ്ര ഭരണത്തിൽ 10 വർഷം പിന്നിട്ട പാർട്ടിയുടെ വോട്ടിംഗ് ശതമാനം മറ്റ് ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ മോശമാണെന്ന വിലയിരുത്തൽ സംസ്ഥാന ഘടകത്തിനുമുണ്ട്.

പതിറ്റാണ്ടുകളായി രണ്ട് പക്ഷങ്ങൾ ചേരിതിരിഞ്ഞ് ഉയർത്തിയ വിഭാഗീയത ഇന്നും പല നേതാക്കളുടെ സ്ഥാനമാനങ്ങൾക്ക് പോലും ഉണ്ടെന്നതാണ് യാഥാർത്ഥ്യമെന്ന വിലയിരുത്തൽ ബിജെപി പ്രവർത്തകരിൽ ശക്തമാണ്. ആർഎസ്എസുമായി പൊക്കിൾകൊടി ബന്ധമുള്ള പ്രവർത്തകർ ബിജെപി പ്രവർത്തനത്തിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കുന്നതും പ്രകടമാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..