Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊച്ചി:പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താനും വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് തടയിടാനും ലക്ഷ്യമിടുന്ന ഗൾഫ് യാത്രാക്കപ്പൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ പ്രാഥമിക ചർച്ച നടക്കും.കൊച്ചി കപ്പൽശാല ഉന്നത ഉദ്യോഗസ്ഥർ, വിനോദസഞ്ചാര വകുപ്പ് പ്രതിനിധികൾ, കപ്പൽ കമ്പനികൾ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽനിന്ന് സർവീസ് ആരംഭിക്കാനാണ് പദ്ധതി. ചരക്കുനീക്കത്തിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന് പ്രത്യേക താൽപ്പര്യമുള്ള പദ്ധതിയിൽ പങ്കാളികളാകാൻ ഇന്ത്യയിലെ മുൻ നിര കപ്പൽ സർവീസ് കമ്പനിയായ ജെഎം ബക്സി ഉൾപ്പെടെ പന്ത്രണ്ടോളം സ്ഥാപനങ്ങൾ സമീപിച്ചിട്ടുണ്ടെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള അറിയിച്ചു. വലിയ കപ്പലുകളാണെങ്കിൽ
കൊച്ചിയിൽനിന്ന് സർവീസ് നടത്താൻ കേന്ദ്രസർക്കാരിൻ്റെ സഹായവും തേടും. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേരള മാരിടൈം ബോർഡ് പദ്ധതി അവതരിപ്പിച്ചത്. മാർച്ച് ഏഴിന് താൽപ്പര്യപത്രം ക്ഷണിച്ചു. ഏപ്രിൽ 22 വരെ സമർപ്പിക്കാം. വരുംദിവസങ്ങളിൽ കൂടുതൽ കമ്പനികൾ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ വ്യക്തമാക്കി.

സർവീസിന്റെ സാധ്യതകൾ മനസ്സിലാക്കാൻ മാരിടൈം ബോർഡ് ഓൺലൈൻ സർവേയും സംഘടിപ്പിച്ചിട്ടുണ്ട്.കടൽമാർഗം യാത്ര സാധ്യമായാൽ ഗൾഫിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയായി ഇതു മാറും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..