Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ‌സിറ്റി ഗ്യാസ് പദ്ധതിക്കായി നിർമിച്ച 16 കിലോമീറ്റർ പൈപ്‌ലൈൻ കമ്മിഷൻ ചെയ്തതോടെ ഇതില്‍ നിന്നു വീടുകളിലേക്ക് കണക്‌ഷൻ നല്‍കുന്നതിനുള്ള പൈപ്പിടല്‍ തുടങ്ങി.ജൂണിനു മുൻപ് 5,000 വീടുകളിലെങ്കിലും പൈപ്പ് വഴി പാചക വാതകം എത്തിക്കാനാണ് വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍) ശ്രമിക്കുന്നത്.

അടുത്ത മാർച്ച്‌ അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ 40 സി.എൻ.ജി സ്റ്റേഷനുകള്‍ തുടങ്ങാനും ഐ.ഒ.എ.ജിപി.എല്‍ ലക്ഷ്യമിടുന്നു. എണ്ണായിരത്തോളം പേരാണ് സിലിണ്ടറുകള്‍ ഉപേക്ഷിച്ച്‌ പൈപ്പ് വഴി പാചക വാതകം ലഭ്യമാക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022 നവംബർ ഒന്നിനാണ് ജില്ലയില്‍ ആദ്യമായി വീടുകളിലേക്ക് കണക്‌ഷൻ നല്‍കിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലായി നിലവില്‍ ആയിരത്തോളം വീടുകളില്‍ കണക്‌ഷൻ നല്‍കിക്കഴിഞ്ഞു.

മേലേചൊവ്വ മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള 12 കിലോമീറ്റർ ദൂരത്തിലും മേലേചൊവ്വ മുതല്‍ വളപട്ടണം വരെയുള്ള 9.6 കിലോമീറ്റർ ദൂരത്തിലും വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. കോർപറേഷന്റെ 14, 15, 16, 17, 18, 20, 22, 25 ഡിവിഷനുകളിലെ വീടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക.

ചാലോടിനും മേലേചൊവ്വയ്ക്കും ഇടയിലുള്ള പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തതോടെ ഏച്ചൂരില്‍ സി.എൻ.ജി സ്റ്റേഷൻ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. കമ്പിലും പുതിയ സി.എൻ.ജി സ്റ്റേഷൻ തുറന്നിട്ടുണ്ട്. പള്ളിക്കുന്ന്, മട്ടന്നൂർ, പയ്യന്നൂർ, പരിയാരം, തലശ്ശേരി, കൂത്തുപറമ്ബ് എന്നിവിടങ്ങളിലും നിലവില്‍ സി.എൻ.ജി സ്റ്റേഷനുകളുണ്ട്. മാഹിയിലും ഉടൻ തുടങ്ങും. തളിപ്പറമ്ബില്‍ രണ്ട്, ചെറുകുന്ന്, പാപ്പിനിശ്ശേരി, തലശ്ശേരി എന്നിവിടങ്ങളില്‍ ഓരോ സി.എൻ.ജി സ്റ്റേഷനുകളും മാസങ്ങള്‍ക്കുള്ളില്‍ സജ്ജമാകും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..